തിരുവനന്തപുരം: മഴക്കാലമായതോടെ സംസ്ഥാനത്ത് കൊതുക് ജന്യ രോഗബാധിതരുടെ എണ്ണവും വർധിക്കുകയാണ്.
ജൂണ്‍ മാസം മാത്രം 342 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.അതില്‍ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
എറണാകുളത്ത് പനി ബാധിച്ച് മരിച്ച ആള്‍ക്ക് വൈസ്റ്റ് നൈല്‍ ആണെന്നും സംശയമുണ്ട്. ജൂണ്‍ നാലിനാണ് സംസ്ഥാനത്ത് കാലവർഷമെത്തിയത്. ആറ് ദിവസം പിന്നിട്ടപ്പോഴേക്കും ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 342.
ഡെങ്കിപ്പനിയുടെ രോഗലക്ഷണവുമായി 1366 പേരാണ് സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ ചികിത്സ തേടിയത്. ഈ വർഷം ഇതുവരെ 2796 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 15 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുക് തന്നെയാണ് ചിക്കുൻഗുനിയയും പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഇത്തരം കൊതുകുകള്‍ പകല്‍സമയത്താണ് മനുഷ്യരെ കടിക്കുക.
ഈ മാസം മൂന്ന് പേർക്കാണ് ചിക്കുൻഗുനിയ സ്ഥിരീകരിച്ചതെന്നത് ആശ്വാസകരമായ കണക്കാണ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചാല്‍ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഭേദമാകും. എന്നാല്‍ വെസ്റ്റ് നൈല്‍ പനി ഗുരുതരമായി മനുഷ്യശരീരത്തെ ബാധിക്കും.
