പനിച്ചു വിറച്ച് നാട്; കടുത്തുരുത്തി പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകം, മരങ്ങാട്ടുപിള്ളി ∙പഞ്ചായത്തിൽ പകർച്ചപ്പനി, കൂത്താടി ഉറവിട നശീകരണ പ്രവർത്തനങ്ങളും ഫോഗിങ്ങും ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ്, എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കണമെന്നും മുന്നറിയിപ്പ്, പകർച്ചവ്യാധികൾ നേരിടാനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കി, അവശ്യ വസ്തുക്കളും സജ്ജമാക്കി

കടുത്തുരുത്തി: പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പും പഞ്ചായത്തും. പഞ്ചായത്തിന്റെ 5, 6 ,7 വാർഡുകളിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്.

പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ആരോഗ്യ വകുപ്പ് ഫോഗിങ് നടത്തി. കൂത്താടി ഉറവിട നശീകരണ പ്രവർത്തനങ്ങളും ഫോഗിങ്ങും ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വീടുകളിൽ കൂത്താടി ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോയാലേ കൊതുകിനെ നിയന്ത്രിക്കാൻ കഴിയൂ.

എല്ലാ ഞായറാഴ്ചയും വീടും തൊടികളും വൃത്തിയാക്കാനും കൊതുക് മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മരങ്ങാട്ടുപിള്ളി ∙പഞ്ചായത്തിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇടവിട്ടു മഴ പെയ്യുന്ന നിലവിലെ കാലാവസ്ഥ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പെരുകാൻ അനുകൂല സാഹചര്യമാണെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്.

ചെറുപാത്രങ്ങളിലും സൺ ഷെയ്ഡിലും ഉൾപ്പെടെ ഒരിടത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലും പരിസരത്തും ഇത്തരത്തിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയണം. കൊതുക് നിർമാർജനത്തിൽ കുട്ടികൾ ഉൾപ്പെടെ എല്ലാവരും പങ്കാളികളാകണം.

ശക്തമായ പനി, തലവേദന, ശരീരവേദന, ശരീരത്തിലെ തിണർപ്പുകൾ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ആദ്യതവണത്തെ ഡെങ്കിപ്പനി പലരിലും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. എന്നാൽ, മുമ്പ് ഡെങ്കിപ്പനി ബാധിച്ചവർക്ക് പിന്നീട് രോഗം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.

രക്തത്തിലെ പ്ലേറ്റ്ലറ്റുകൾ കുറഞ്ഞ് രക്തസ്രാവവും തുടർന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. പകർച്ചവ്യാധികൾ നേരിടാനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മരുന്നുകൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവയും സജ്ജമാക്കി.

മണ്ണയ്ക്കനാട് ∙മന്നേവാസ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗവ ഹോമിയോ ആശുപത്രി, ഗവ യുപി സ്കൂൾ എന്നിവയുടെ സഹകരണത്തോടെ പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.