അഭിഭാഷകൻ്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച്‌ പവര്‍ ഓഫ് അറ്റോര്‍ണിയുണ്ടാക്കി സ്ഥലം വില്‍പ്പന നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

കണ്ണൂർ: അഭിഭാഷകന്‍റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച്‌ പവർ ഓഫ് അറ്റോർണി വ്യാജമായുണ്ടാക്കി സ്ഥലം വില്‍പന നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

ഉളിയില്‍ സ്വദേശി കുരുക്കളെവീട്ടില്‍ മായനെയാണ്(57) കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അഡ്വ. സി.കെ. രത്നാകരന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

2023 ഡിസംബർ 12 നാണ് സംഭവം. ഇരിട്ടി താലുക്കിലെ ഉളിയില്‍ എന്ന സ്ഥലത്തെ 0.1872 ഹെക്ടർ ഭൂമി വില്‍പന നടത്തുന്നതിനായാണ് വ്യാജ പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയത്.

അഡ്വ.സി.കെ. രത്നാകരന്‍റെ രജിസ്ട്രേഷൻ നമ്ബറും സീലും ഉപയോഗിച്ച്‌ കൃത്രിമ ഒപ്പിട്ട് നോട്ടറി അറ്റസ്റ്റ് ചെയ്തതായി കാണിച്ചു. തുടർന്ന് പവർ ഓഫ് അറ്റോർണി അസ്സല്‍ എന്ന രീതിയില്‍ ഉളിയില്‍ സബ് രജിസ്ട്രാർ ഓഫീസില്‍ ഹാജരാക്കുകയായിരുന്നു. തുടർന്ന് രേഖ വ്യാജമായി രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.