ഇതര സംസ്ഥാന ലോട്ടറികള്‍ നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്ന കേരളത്തിന്റെ വാദം ചോദ്യം ചെയ്ത് നാഗാലാന്‍ഡ് ; കേസില്‍ സുപ്രിംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു.

വ്യാപാരം നടത്താനുള്ള അവകാശം നിന്ദിച്ചു. ലോട്ടറി നിയന്ത്രണ ഭേദഗതിക്കെതിരെ നാഗാലാന്‍ഡ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കബളിപ്പിക്കലില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ അവകാശം സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേരളം സത്യവാങ്മൂലം നല്‍കിയിരുന്നു.

ലോട്ടറിയുമായി ബന്ധപ്പെട്ടുള്ളത് കേന്ദ്ര നിയമങ്ങളാണെങ്കിലും കബളിക്കല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് കേരളത്തിന്റെ വാദം. ഇതിന് മറുപടിയായാണ് ഇപ്പോള്‍ നാഗാലാന്‍ഡ് സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്. കബളിപ്പിക്കല്‍ എന്ന് കേരളം ഉപയോഗിക്കുന്ന പരാമര്‍ശം ഒട്ടും ഉചിതമല്ലെന്നും സത്യസന്ധമല്ലെന്നും നാഗാലാന്‍ഡ് പറയുന്നു.

ഏതെങ്കിലും വിധത്തില്‍ ആരെയും കബളിപ്പിക്കാനായിട്ട് തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നേരത്തെതന്നെ പ്രഖ്യാപനങ്ങള്‍ നടത്തിയശേഷമാണ് ലോട്ടറി അവതരിപ്പിക്കുന്നത്. ലോട്ടറിയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണത്തിന് നിലവിലുള്ള സാഹചര്യത്തില്‍ കേന്ദ്രത്തിന് മാത്രമാണ് സാധിക്കുക. ഈ അധികാരത്തെയാണ് കേരളം ദുര്‍വിനിയോഗം ചെയ്തതെന്ന് നാഗാലാന്‍ഡ് ചൂണ്ടിക്കാണിച്ചു. തങ്ങള്‍ക്ക് വ്യാപാരം നടത്താനുള്ള അവകാശം കേരളം നിന്ദിച്ചെന്ന് നാഗാലാന്‍ഡ് സത്യവാങ്മൂലത്തില്‍ പറയുന്നു.