സിപിഎം കമ്മിറ്റിയില്‍ വീണ്ടും പൊട്ടിത്തെറി; പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ് ഹാരിസ്

ആലപ്പുഴ: ജില്ലയില്‍ സിപിഎം കമ്മിറ്റിക്കകത്ത് ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റും ഏരിയാ കമ്മിറ്റി അംഗവുമായ എസ് ഹാരിസ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു.

നേതൃത്വത്തിന്‍റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി എസ് ഹാരിസ് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു.

പുന്നപ്ര വയലാര്‍ സമരത്തിന്‍റെ വാര്‍ഷികാചാരണത്തിന്‍റെ ഭാഗമായുള്ള പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തുകൊണ്ട് സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നായിരുന്നു മാര്‍ച്ചിന്‍റെ ഫോട്ടോ ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ട് എസ് ഹാരിസ് പോസ്റ്റിട്ടത്. 20 വര്‍ഷമായി പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു എസ് ഹാരിസ്.

അമ്പലപ്പുഴ സിപിഎമ്മിലെ ജനകീയ മുഖമായിരുന്ന എസ് ഹാരിസ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റും ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് എന്താണ് കാരണമെന്ന് പോസ്റ്റില്‍ ഹാരിസ് വ്യക്തമാക്കുന്നില്ല.