പേര് എഴുതിയത് ഡോക്ടർ ഇറങ്ങിവന്ന് ജീവനക്കാരെക്കൊണ്ട് വെട്ടിച്ചു, ആംബുലൻസിൽ മകനുമായി ആശുപത്രി മുറ്റത്ത് കാത്തു കിടന്നു, ഓർത്തോവിഭാഗത്തിൽ ഡോക്ടറില്ലെന്ന് പറഞ്ഞ് ഒഴിവാക്കി, ഇൻജക്ഷനുള്ള മരുന്ന് തന്നുവിട്ടത് എന്തു ചെയ്യണമെന്ന് അറിയില്ല; ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ മകന് ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി പിതാവ്

ചങ്ങനാശേരി: ‘ദിവസവും രണ്ടു നേരം ഇൻജക്ഷൻ എടുക്കണം, മരുന്നും വേണം. അങ്ങനെയുള്ള അവസ്ഥയിലുള്ള ആളെയാണ് കിടത്തി ചികിത്സിക്കാതെ, ആശുപത്രിയിൽനിന്നു വിട്ടത്’. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ രോഗിക്കു ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി രോഗിയുടെ പിതാവ്.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മാടപ്പള്ളി പങ്കിപ്പുറം പുഷ്പാലയം വീട്ടിൽ അഭിജിത്തിന് (27) തുടർചികിത്സ നിഷേധിച്ചതായാണ് പരാതി. 14ന് രാത്രി ഫാത്തിമാപുരത്തിനു സമീപം ബൈക്ക് അപകടത്തിലാണ് അഭിജിത്തിനു പരുക്കേറ്റത്. അഭിജിത്തിനെ ഇടിച്ച വാഹനം നിർത്താതെ പോയി.

ചങ്ങനാശേരി ജനറൽ ആശുപത്രിയിലാണ് ആദ്യം എത്തിയത്. മുറിവുകൾ ഡ്രസ് ചെയ്ത് വീട്ടിലേക്ക് അയച്ചു. രാത്രി വേദന കൂടിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി.

വലത്തെ കാലിനും കൈക്കും പൊട്ടലുണ്ടെന്നും കാലിന്റെ മുട്ടുചിരട്ടയുടെ ഒരു ഭാഗം തകർന്നെന്നും ഡോക്ടർമാർ കണ്ടെത്തി. 20നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. തുടർചികിത്സയ്ക്ക് വീടിനു സമീപത്തെ ഗവ. ആശുപത്രിയിലേക്കു റഫർ ചെയ്തു.

ഇതനുസരിച്ച് തിങ്കളാഴ്ച രാത്രി ആംബുലൻസിൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഡ്മിഷൻ കിട്ടിയില്ലെന്ന് അഭിജിത്തിന്റെ പിതാവ് അഭിമന്യു പറയുന്നു. ഒരു മാസമായി ഓർത്തോവിഭാഗത്തിൽ ഡോക്ടറില്ലെന്നാണ് കാരണം പറഞ്ഞത്.

ചീട്ടെടുക്കാൻ ആശുപത്രി റജിസ്റ്ററിൽ മകന്റെ പേര് എഴുതിയത് ഡോക്ടർ ഇറങ്ങിവന്ന് ജീവനക്കാരെക്കൊണ്ട് വെട്ടിച്ചെന്നും അഭിമന്യു പറയുന്നു. ആംബുലൻസിൽ മകനുമായി ആശുപത്രി മുറ്റത്ത് കുറെ നേരം കാത്തുകിടന്നിട്ട് വീട്ടിലേക്കു മടങ്ങി.

വർക്‌ഷോപ്പിൽ ജോലിയുള്ള മകന്റെ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോയിരുന്നതെന്ന് അച്ഛൻ പറയുന്നു. മെഡിക്കൽ കോളേജിൽ നിന്ന് ഇൻജക്ഷനുള്ള മരുന്ന് തന്നുവിട്ടിട്ടുണ്ട്. എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഓർത്തോ വിഭാഗത്തിലെ ജൂനിയർ കൺസൽറ്റന്റ് ഒരു മാസമായി അവധിയായതിനാലാണു രോഗികളെ അഡ്മിറ്റ് ചെയ്യാൻ കഴിയാത്തതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഡോക്ടറുടെ ഒഴിവുമുണ്ട്.

വിവരം നാഷനൽ‌ ഹെൽത്ത് മിഷനെ അറിയിച്ചിരുന്നു. ഹെൽത്ത് മിഷനിൽ നിന്ന് ഓർത്തോ ഒപിക്കായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഡോക്ടറെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.