ജർമ്മനിയില്‍ ജോലി അവസരം തേടുന്നവർക്ക് മുന്നില്‍ വീണ്ടും സുവർണ്ണാവസരം! 100 ഒഴിവുകള്‍; ശമ്പളം 2.80 ലക്ഷം വരെ; നിയമനം സര്‍ക്കാര്‍ വഴി

കോട്ടയം: ജർമ്മനിയില്‍ ജോലി അവസരം തേടുന്നവർക്ക് മുന്നില്‍ വീണ്ടും സുവർണ്ണാവസരം തുറന്ന് കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ നോർക്ക.

പതിവുപോലെ ജർമ്മനിയിലെ നഴ്സിങ് മേഖലയിലേക്കാണ് ഇത്തവണത്തേയും ഒഴിവ്. ആകെ 100 ഒഴിവുകളാണ് ഉള്ളത്. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിന്റെ ഭാഗമായുളള ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിന്റെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അവസാന തിയതി മെയ് 2

തിരഞ്ഞെടുക്കപ്പെടുന്നവരെ ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലാണ് നിയമിക്കുക്. ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 മെയ് രണ്ടിനകം അപേക്ഷ നല്‍കേണ്ടതാണ്. ഇതിനോടകം ജര്‍മ്മൻ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 (ഫുള്‍ മോഡ്യൂള്‍) യോഗ്യത നേടിയവര്‍ക്കു മാത്രമേ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷ നല്‍കാന്‍ കഴിയൂ.

അപേക്ഷകർക്ക് വേണ്ട യോഗ്യത

ബി എസ് സി/ജനറല്‍ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.

ശമ്പളം

കുറഞ്ഞ പ്രതിമാസ ശമ്ബളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 2.81 ലക്ഷം രൂപയോളം ശമ്ബളമായി ലഭിക്കും.

പ്രത്യേക ശ്രദ്ധയ്ക്ക്

നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് മുന്‍പ് അപേക്ഷ നല്‍കിയവര്‍ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ നല്‍കേണ്ടതില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.

കൂടുതല്‍ വിവരങ്ങള്‍ക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സർക്കാറിന് കീഴിലെ മറ്റ് ഒഴിവുകളെ കുറിച്ച്‌ താഴെ വിശദമായി വായിക്കാം

ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിന് കീഴില്‍ പുനർഗേഹം പദ്ധതിയില്‍ ഉള്‍പ്പെട്ട മുട്ടത്തറ ഫ്ലാറ്റ് നിർമാണത്തിനായി ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ള രണ്ട് ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അധിക യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ സഹിതം അപേക്ഷകള്‍ eetvpm.hed@kerala.gov.in എന്ന ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 29ന് മുമ്ബ് എക്സിക്യൂട്ടീവ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് ഡിവിഷൻ, വിഴിഞ്ഞം, തിരുവനന്തപുരം-695521 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകർ മെയ് 2ന് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2480349.

താല്‍ക്കാലിക നിയമനം

ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തില്‍ കരാർ അടിസ്ഥാനത്തില്‍ വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും.

25-45പ്രായമുള്ള എഴുത്തും വായനയും അറിയുന്ന സർക്കാർ/ സർക്കർ ഇതര സ്ഥാപനങ്ങളില്‍ രണ്ട് വർഷം സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്തിട്ടുള്ള ശാരീരിക ക്ഷമതയുളളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവർ മേയ് ഒൻപതിന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.