ഡോക്ടർക്ക് മുമ്പേ പരിശോധനക്ക് എത്തിയത് മൂർഖൻ; ഡോക്ടറെ പുറത്തിറങ്ങാനാകാതെ കുടുക്കി; ഒടുവിൽ കുപ്പിക്കുള്ളിൽ

കൊല്ലം: ആരോഗ്യകേന്ദ്രത്തിനുള്ളിൽ മൂർഖൻ കയറിയതോടെ ഒരുമണിക്കൂറോളം മുറിക്കുള്ളിൽ കുടുങ്ങി ഡോക്ടർ. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി കുടുംബാരോഗ്യകേന്ദ്രത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

ഒ.പി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഡോക്ടറുടെ മുറിയുടെ വെളിയിലായി മൂലയിൽ എന്തോ തിളങ്ങുന്നതായി ചികിത്സയെക്കത്തിയവർ കണ്ടത്. ആശുപത്രി അധികൃതരെ വിവരമറിയിച്ചശേഷം നോക്കിയപ്പോഴാണ് പാമ്പിന്റെ കുഞ്ഞാണെന്ന് മനസ്സിലായത്.

ഇതോടെ മുറിക്കുള്ളിൽ രോഗികളെ പരിശോധിക്കാൽ തയ്യാറെടുപ്പുനടത്തിയ ഡോക്ടർ യദു വിനായക് പുറത്തിറങ്ങാനാകാതെ കുടുങ്ങി. ഇതിനിടയിൽ പാമ്പ് രാജവെമ്പാലയാണെന്നും മൂർഖനാണെന്നും പല അഭിപ്രായങ്ങളും ഉയർന്നു.

തുടർന്ന് ആര്യങ്കാവിൽനിന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസറായ ജസ്റ്റിൻ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പാമ്പിനെ കുപ്പിയിലാക്കുകയായിരുന്നു. മൂർഖന്റെ കുഞ്ഞാണെന്ന് വനംവകുപ്പ് ഉറപ്പിച്ചിട്ടുണ്ട്.

പാമ്പിനെ ശെന്തുരുണിയിലെ കട്ടളപ്പാറ വനമേഖലയിൽ തുറന്നുവിട്ടതായി അധികൃതർ പറഞ്ഞു. കഴുതുരുട്ടിഭാഗങ്ങളിൽ രാജവെമ്പാല ഉൾപ്പെയുള്ള പാമ്പുകളുടെ സാന്നിധ്യം കൂടുതലാണ്. ആരോഗ്യകേന്ദ്രത്തിൽ മുമ്പും പാമ്പുകൾ കയറിയിട്ടുണ്ട്.

കഴുതുരുട്ടി ആറിനോടും വനമേഖലയോടും ചേർന്നായതിനാൽ പാമ്പുകൾ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കയറാനുള്ള സാധ്യത കൂടുതലുമാണ്. ആശുപത്രിക്ക് പൂർണമായി ചുറ്റുമതിൽ ഇല്ലാത്തതും സ്ഥലപരിമിതിയും ഭീഷണിയാകുന്നുണ്ട്.