കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കുകയാണ് ആദ്യം തന്നെ.

 

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പുമാണ് ഇന്ന് പ്രഖ്യാപിച്ചത്.

 

ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നും തൻ്റെ അറിവിൽ രാജ്യത്ത് ആദ്യമായി കേരളത്തിലാണ് വയോജനങ്ങൾക്കായി വകുപ്പ് രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

 

ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം കൂട്ടാന്‍ തീരുമാനിച്ചെന്നും 3000 രൂപയുടെ വര്‍ദ്ധനവായിരിക്കും ഉണ്ടാവുകയെന്നും വി ഡി സതീശന്‍ പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി ജീവനക്കാരെ പരിഗണിക്കും. ഇവർക്ക് 1000 രൂപ വര്‍ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം 1000 രൂപ വര്‍ധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം 1000 രൂപയായും വര്‍ധിപ്പിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

 

 

 

സ്പീക്കര്‍ തിരഞ്ഞെടുപ്പ് മെയ് 22ന് നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 21നാണ് നടക്കുക. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ധവളപത്രമിറക്കും. ടി അസിഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി നിശ്ചയിച്ചിട്ടുണ്ട്. അഡ്വ. ജെയ്ജു ബാബു പുതിയ അഡ്വക്കേറ്റ് ജനറലാകും.