ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍: വോട്ടിംഗിലൂടെ സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍; പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടും

ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചു.

പ്രതിപക്ഷ ആവശ്യം പരിഗണിച്ച്‌ ബില്ല് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടും.
മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്ന് പാർലമെന്റ് സാക്ഷ്യം വഹിച്ചത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ നിയമമന്ത്രി ഹൃസ്വ വിവരണം നല്‍കിയെങ്കിലും വോട്ടിംഗ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകളാണ് സാധുവായത്. അതില്‍ 220 പേര്‍ ബില്ലിനെ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു.

തുടര്‍ന്ന് സ്ളിപ്പ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടന്നു. 467 പേരില്‍ 269 പേര്‍ ബില്ലിനെ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു.

ഭൂരിപക്ഷ പിന്തുണയില്‍ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍ ബില്ലവതരിപ്പിച്ചു. ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്‌ നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍ ഡൽഹി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലും 129-ാം ഭരണഘടന ഭേദഗതിയെന്ന പേരില്‍ സഭയിലെത്തി.