പീഡനത്തില്‍ മനംനൊന്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച കേസ്; മുത്തച്ഛന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച്‌ ഫാസ്റ്റ് ട്രാക്ക് കോടതി

കൊല്ലം: കുണ്ടറയില്‍ മുത്തച്ഛൻ്റെ പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി.

കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയാണ് മുത്തച്ഛന് ജീപര്യന്തം ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് കേസിലെ പ്രതി.

2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ മുത്തച്ഛൻ പീഡിപ്പിച്ചെന്ന് അറിഞ്ഞ കുട്ടി സംഭവത്തില്‍ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസിലെ വിചാരണയ്ക്കിടെ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയിരുന്നു.
കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു.