തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോമിൽ 16 വയസ്സുകാരനെ സംഘം ചേർന്ന് പീഡിപ്പിച്ച സംഭവം: ചിൽഡ്രൻസ് ഹോമിലെ സമപ്രായക്കാരായ 4 പേർക്കെതിരെ പോക്സോ കേസ്

കോട്ടയം: തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോമിൽ 16 വയസ്സുകാരനെ സംഘം ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ചിൽഡ്രൻസ് ഹോമിലെ സമപ്രായക്കാരായ 4 പേർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി അയർക്കുന്നം പൊലീസ് എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു.

മാർച്ച് 26 നാണ് സംഭവം. ചിൽഡ്രൻസ് ഹോമിൽ ഒപ്പമുള്ളവർ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നു വിദ്യാർത്ഥി വാർഡനോടു പറയുകയായിരുന്നു. തുടർന്ന് ചിൽഡ്രൻസ് ഹോം അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരമറിയിച്ചു.

ശേഷം ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരം അയർക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരായ നാലുപേരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസ് റജിസ്റ്റ‌ർ ചെയ്യുകയായിരുന്നു. കുറ്റക്കാരെ പിന്നീട് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കുമെന്ന് എസ്‌എച്ച്ഒ അറിയിച്ചു.