തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കാറില്‍ ചൈല്‍ഡ് സീറ്റ് വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി.
കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് സംവിധാനം കേരളത്തില്‍ ലഭ്യമല്ലെന്നും 14 വയസ്സുവരെയുള്ള കുട്ടികളെ കാറിന്‍റെ പിന്‍സീറ്റില്‍ ഇരിത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളൂ എന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ല. കഴിവതും കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്താന്‍ ശ്രദ്ധിക്കുക. ബൈക്കില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഹെല്‍മറ്റ് വയ്ക്കുന്നത് നല്ലതാണ്.
ചൈല്‍ഡ് സീറ്റൊന്നും ഇവിടെ കിട്ടാനില്ല. അതുകൊണ്ട് ഇതൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ആകട്ടെ എന്നു മാത്രമേ ഗതാഗത കമ്മിഷണര്‍ കരുതിയിട്ടുള്ളു.
കേന്ദ്രത്തിൻ്റെ ഗതാഗത നിയമത്തില്‍ പറയുന്ന കാര്യമാണിത്. നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുമ്പോള്‍ ആലോചിക്കാം.
നിയമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നടപ്പാക്കാന്‍ നിന്നാല്‍ കേരളത്തില്‍ വണ്ടി ഓടിക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ഫൈൻ ഇടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചുള്ളൂ. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
