സ്വന്തം ലേഖകൻ
കോഴിക്കോട്: താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ശക്തമായ നിര്‍ദ്ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതി മുൻപാകെ സമര്‍പ്പിച്ചെങ്കിലും ഇത് നടപ്പാക്കാനുളള സംവിധാനങ്ങളോ ജീവനക്കാരോ സംസ്ഥാനത്ത് പരിമിതം.
ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രത്തിലും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിര്‍ദ്ദശിക്കുന്നു.
ഒക്ടോബര്‍ ഏഴിന് താനൂരിലെ തൂവല്‍ തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തെത്തുടര്‍ന്നായിരുന്നു വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ഹൈക്കോടതി സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കിതിരിക്കാനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളില്‍ നിന്നും താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ വിവിധ ഉദ്യോഗസ്ഥരില്‍ നിന്നും നടത്തിയ വിവരശേഖരണത്തിനൊടുവിലാണ് അമിക്കസ് ക്യൂറി ഹൈക്കോടതി മുൻപാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
