കൊല്ലം: കേരള കോണ്‍ഗ്രസ് (എം) നേതാവിനെ സഹോദരീ ഭർത്താവ് തേപ്പുകരണ്ടികൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഉഷാലയം ശിവരാജനാണ് (59) വെട്ടേറ്റത്.
ശിവരാജന്റെ സഹോദരീഭർത്താവ് ബിജുവിനെതിരെ (48) പൊലീസ് കേസെടുത്തു.
ശിവരാജന്റെ സഹോദരിയും ബിജുവിന്റെ ഭാര്യയുമായ ഉഷയെ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം. ഞായറാഴ്ച രാത്രി ഒൻപതിന് കാരാളി ജംഗ്ഷന് സമീപം ആദിക്കാട്ടുമുക്കിലായിരുന്നു സംഭവം.
കാറില്‍ നിന്നിറങ്ങി സാധനം വാങ്ങുന്നതിനായി കടയിലേക്ക് കയറാൻ ശ്രമിക്കുമ്പോള്‍ പ്രകോപനമില്ലാതെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് ശിവരാജൻ പറഞ്ഞു.
