കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ നേതാവിന് മാര്‍ക്ക് ദാനം നല്‍കിയെന്ന ആരോപണത്തില്‍ വിവാദം.

 

കോഴിക്കോട്: ഇന്റെണൽ പരീക്ഷയില്‍ മാര്‍ക്കൊന്നും ലഭിക്കാത്ത എസ്.എഫ്.ഐ നേതാവിന് ആറ് മാര്‍ക്ക് ദാനമായി നല്‍കി വിജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെന്ന ആരോപണമാണ് വിവാദത്തിനടിസ്ഥാനം. സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ റെഗുലേഷന് വിരുദ്ധമായി മാര്‍ക്ക് ദാനം നല്‍കി എസ്.എഫ്.ഐ നേതാവിനെ വിജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തെന്നാണ് പ്രതിപക്ഷ ആരോപണം.മുൻപ്സി ന്‍ഡിക്കേറ്റ് പരിശോധിച്ച്‌ തള്ളിക്കളഞ്ഞ മാര്‍ക്ക് ദാന അപേക്ഷ നിലവിലെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് രഹസ്യമായി പരിഗണിച്ച്‌ വിജയിക്കാനാവശ്യമായ മാര്‍ക്ക് അനധികൃതമായി   നല്‍കാന്‍ തീരുമാനിച്ചെന്നാണ് ആരോപണം.

അക്കാദമിക് കൗണ്‍സിലിനല്ലാതെ, കോളജ് പ്രശ്‌ന പരിഹാര സമിതിക്കോ സിന്‍ഡിക്കേറ്റിനോ റെഗുലേഷനില്‍ ഇളവ് അനുവദിക്കാന്‍ അധികാരമില്ലെന്നിരിക്കെയാണ് തീരുമാനമെന്നാണ് ആക്ഷേപം. ചട്ടവിരുദ്ധ നടപടികള്‍ തടയാന്‍ ബാധ്യസ്ഥനായ വൈസ് ചാൻസലര്‍ മാര്‍ക്ക് തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു. 2009ല്‍ എം.എ വിമൻ സ്റ്റഡീസില്‍ പഠിച്ചിരുന്ന എസ്.എഫ്.ഐ സംസ്ഥാന നേതാവിന് 10 വര്‍ഷം കഴിഞ്ഞ് ഇന്റേണല്‍ പരീക്ഷക്ക് 21 മാര്‍ക്ക് അധികമായി നല്‍കിയത് വിവാദമായിരുന്നു. ഇതിന് സമാനമാണ് ഇപ്പോഴത്തെ സംഭവമെന്നാണ് യു.ഡി.എഫ് സംഘടനകള്‍ പറയുന്നത്. മുന്‍ സംഭവത്തില്‍ നടപടികള്‍ അക്കാദമിക് കൗണ്‍സില്‍ റെഗുലേഷന് വിരുദ്ധമായിരുന്നെന്ന് നിയമസഭയില്‍തന്നെ അറിയിച്ചതാണെന്നും സംഘടനകള്‍ പറയുന്നു.

എന്നാല്‍, ഇന്റേണല്‍ മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് അവര്‍തന്നെ സമ്മതിക്കുകയും വിദ്യാര്‍ഥിയുടെ പരാതി ന്യായമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനാലാണ് ആറ് മാര്‍ക്ക് ഇന്റേണല്‍ പരീക്ഷക്ക് നല്‍കിയതെന്ന് സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീന്‍ പറഞ്ഞു.

മാര്‍ക്ക് ദാനമെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പാലക്കാട് ചിറ്റൂര്‍ ഗവ. കോളജില്‍ 2016 മുതല്‍ 2019 വരെ ബോട്ടണി പഠിച്ചിരുന്ന വിദ്യാര്‍ഥി മൂന്നാം സെമസ്റ്ററില്‍ സബ്‌സിഡിയറിയായാണ് കെമിസ്ട്രി പഠിച്ചത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതി നാലാം സെമസ്റ്ററിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥി സെമിനാറുകള്‍ അവതരിപ്പിക്കുകയും വൈവയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

കൃത്യമായ ഹാജരുണ്ടെന്നും എന്നാല്‍, ഇന്റേണല്‍ മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവ് സംഭവിച്ചതാണെന്നും കോളജ് പ്രിന്‍സിപ്പല്‍, കെമിസ്ട്രി പഠനവകുപ്പ് മേധാവി എന്നിവര്‍ സര്‍വകലാശാല പ്രശ്‌ന പരിഹാര സമിതി മുമ്ബാകെ വ്യക്തമാക്കിയിരുന്നു. മൂന്നാം സെമസ്റ്ററില്‍ കെമിസ്ട്രി പൊതുപരീക്ഷയില്‍ 80ല്‍ 68 മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതെല്ലാം പരിശോധിച്ച്‌ ഉറപ്പാക്കിയാണ് പരീക്ഷ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനം സിന്‍ഡിക്കേറ്റ് അംഗീകരിച്ചതെന്നും അഡ്വ. പി.കെ. ഖലീമുദ്ദീന്‍ പറഞ്ഞു.