“താൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന്‍റെ പ്രശ്നമേ ഉള്ളൂ”… എം.പിമാരുടെ യോ​ഗത്തിൽ വീണ്ടും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു; ഉടൻ തമാശരൂപേണ മുഖ്യമന്ത്രിയുടെ മറുപുടി

തിരുവനന്തപുരം: പ്രസം​ഗത്തിനിടെ മുഖ്യമന്ത്രിയെ വീണ്ടും ചതിച്ച് മൈക്ക്. എം.പിമാരുടെ യോ​ഗത്തിലാണ് മൈക്ക് തകരാറിലായത്. താൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന്‍റെ പ്രശ്നമേ ഉള്ളൂവെന്ന് തമാശരൂപേണ മുഖ്യമന്ത്രി പറഞ്ഞു.

തൈക്കാട് ​ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന യോ​ഗത്തിനിടെയാണ് മൈക്ക് തകരാറിലായത്. ഒക്ടോബറിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നതിനിടെയും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചിരുന്നു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങിയതിനിടെയായിരുന്നു സംഭവം.

‘ഞാന്‍ വന്ന് ഇരുന്നിട്ട് ഓഡിയോ നോക്കിയാല്‍ എങ്ങനെയിരിക്കും. മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്. അപ്പം നിങ്ങള്‍ക്കൊരു വാര്‍ത്തയായല്ലോ’, എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.

കെ.പി.സി.സി. സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് വേണ്ടെന്ന് പോലീസിന് നിർദേശം നൽകുകയായിരുന്നു.