സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടം; ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്

അങ്കമാലി: സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്.

ബസിടിച്ചു ബൈക്ക് യാത്രക്കാരനാണ് പരിക്കേറ്റത്. കാക്കനാട് പൗർണമി നിവാസില്‍ ഹരി (26)യെയാണ് പരിക്കുകളോടെ ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറ്റൊരു ബസിന്റെ അടിയിലേക്ക് കയറി. ബൈക്കിലിടിച്ച ബസ് മറ്റൊരു കാറിലും ഇടിച്ചാണു നിന്നത്. ഇന്നു രാവിലെ 11.45 നാണ് അപകടം.
അങ്കമാലി-പെരുമ്പാവൂർ റൂട്ടിലോടുന്ന ലിറ്റില്‍ ഫ്ലവർ ബസ് യാത്രക്കാരെ കയറ്റുന്നതിനായി സ്‌റ്റോപ്പില്‍ നിർത്തുകയായിരുന്നു. പിന്നാലെ അതിവേഗത്തിലെത്തിയ അങ്കമാലി- മുളങ്കുഴി ജീസസ് ബസ് മുന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മുൻപിലുണ്ടായിരുന്ന ബസിന് അടിയിലേക്ക് ഇടിച്ചുകയറുകയും യാത്രക്കാരൻ തെറിച്ചുവീഴുകയും ചെയ്തു.

സ്റ്റോപ്പില്‍ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെയാണു ബസ് ബൈക്കിലും മുന്നിലുണ്ടായിരുന്ന കാറിലും ഇടിച്ചത്. നാലു വാഹനങ്ങളും അങ്കമാലിയില്‍ നിന്നു കാലടിയിലേക്കു പോകുകയായിരുന്നു.