തിരുവനന്തപുരം: വിജിലൻസ് വലയില്‍ ഈ വർഷം കുടുങ്ങിയത് 70 ഉദ്യോഗസ്ഥർ.
പിടികൂടിയവരെയെല്ലാം ജയിലിലടച്ചു. കെണിവച്ച് കുടുക്കിയവരുടെ വിശദവിവരങ്ങള്‍ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
ഇവർ ഏതൊക്കെ വകുപ്പിലാണ് തൊഴിലെടുക്കുന്നതെന്ന് കണ്ടെത്തി വകുപ്പ് അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചിട്ടുമുണ്ട്.
19 കേസുകളാണ് റവന്യൂവകുപ്പുമായി ബന്ധപ്പെട്ടുണ്ടായത്. ഭൂമിയുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം.
10 കേസുകളുള്ള തദ്ദേശസ്വയംഭരണ വകുപ്പാണ് രണ്ടാം സ്ഥാനത്ത്.
കൈക്കൂലിയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കേസുകള്‍. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പില്‍ ആറു കേസുകളാണുള്ളത്. വിദ്യാഭ്യാസ വകുപ്പിലും കെ.എസ്.ഇ.ബിയിലും മൂന്ന് കേസുകള്‍ വീതമാണ് വിജിലൻസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്.
മറ്റ് വിവിധ വകുപ്പുകളിലായി 11 കേസുകളുമാണുള്ളത്.
കൈക്കൂലിക്കാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ വിശദമായ പട്ടിക വിജിലൻസ് തയാറാക്കിയിരുന്നു. ഈ ഉദ്യോഗസ്ഥരെ വിജിലൻസ് പ്രത്യേക നിരീക്ഷണത്തിലുള്‍പ്പെടുത്തിയിരുന്നു. വിജിലൻസ് അന്വേഷണപരിധിയിലും നിരീക്ഷണത്തിലും ഉണ്ടെന്ന് മനസിലായ ഉദ്യോഗസ്ഥരില്‍ ചിലർ കൈക്കൂലി രീതി തന്നെ മാറ്റിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
