നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംപിമാര്‍ രാജിവച്ച സാഹചര്യം ; ഒരു മാസത്തിനുള്ളില്‍ രാജ്യതലസ്ഥാനത്തെ ഔദ്യോഗിക വസതി ഒഴിയണമെന്ന നി‍ര്‍ദേശം.

 

 

ദില്ലി : തെരഞ്ഞെടുപ്പില്‍ വിജയത്തിന് ശേഷം കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് പട്ടേലും ഉള്‍പ്പെടെ ഒമ്ബത് ലോക്‌സഭാ എംപിമാരുടെ രാജി സ്വീകരിച്ചതായി വ്യാഴാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചിരുന്നു. രണ്ട് കേന്ദ്രമന്ത്രിമാരെ കൂടാതെ രാകേഷ് സിംഗ്, ഉദ്യ പ്രതാപ് സിംഗ്, മധ്യപ്രദേശില്‍ നിന്നുള്ള റിതി പഥക്, രാജസ്ഥാനില്‍ നിന്നുള്ള ദിയാ കുമാരി, രാജ്യവര്‍ദ്ധൻ സിംഗ് റാത്തോഡ്, ഛത്തീസ്ഗഡില്‍ നിന്നുള്ള ഗോമതി സായ്, അരുണ്‍ സാവോ എന്നിവരാണ് എംപി സ്ഥാനം രാജിവെച്ചത്.

രാജ്യസഭാ എംപി കിരോഡി ലാല്‍ മീണയും രാജിവച്ചു. . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെയും അധ്യക്തയില്‍ ചേര്‍ന്ന യോഗത്തിനുപിന്നാലെയാണ് എംപിമാരുടെ രാജി. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ രാജസ്ഥാനില്‍ ബിജെപിക്കുള്ളില്‍ പ്രതിസന്ധികളെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. രാജസ്ഥാനില്‍ വസുന്ധര ക്യാമ്പ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം.

തന്‍റെ മകൻ ലളിത് മീണയടക്കം അഞ്ച് പേരെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് മുൻ എംഎല്‍എ ഹേംരാജ് മീണ പറഞ്ഞു. അതിനിടെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഞായര്‍ വരെ കാത്തിരിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. പ്രഗത്ഭര്‍ തന്നെ മുഖ്യമന്ത്രിമാരായെത്തുമെന്നും വിജയവര്‍ഗിയ പറഞ്ഞു. ഇതിനിടെ, ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നതിന് സമാനമായി രാജസ്ഥാനില്‍ മറ്റൊരു യോഗിയുടെ ഉദയമുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാജസ്ഥാന്‍ രാഷ്ട്രീയം.

മഹന്ത് ബാലക് നാഥിന്‍റെ വിജയവും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അടക്കം പറച്ചിലുമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ബാലക് നാഥിനെ കൂടാതെ രാജസ്ഥാനില്‍ വസുന്ധരരാജെ സിന്ധ്യ, ഗജേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകളും ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.