രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി; രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നുവെന്ന് ആരോപണം

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ബിജെപി എംപി നിഷികാന്ത് ദുബെ ഇക്കാര്യം ആവശ്യപ്പെട്ട് സഭയിൽ പ്രമേയം അവതരിപ്പിച്ചു. രാഹുൽ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നുവെന്നും അതിനാൽ അംഗത്വം റദ്ദാക്കണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. കഴിഞ്ഞ ദിവസത്തെ ബജറ്റ് ചർച്ചയിൽ ബിജെപിക്കെതിരെ രാഹുൽ ആഞ്ഞടിച്ചതിന് പിന്നാലെയാണ് നിഷികാന്ത് ദുബെയുടെ നീക്കം. രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. രാഹുൽ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുകയാണെന്നും ആരോപിച്ചതായിരുന്നു കിരൺ റിജിജു ഇത്തരത്തിൽ പറഞ്ഞത്. പിന്നാലെയാണ് ദുബെയുടെ നീക്കം.

നരവനെയുടെ പുസ്‌തകത്തിലെ പരാമർശങ്ങൾ, ഇന്ത്യ യുഎസ് വ്യാപാര കരാർ എന്നിവ ചൂണ്ടിക്കാട്ടി രാഹുൽ ബിജെപി സർക്കാരിനെ വിമർശിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കേന്ദ്ര ബജറ്റിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ആഗോള മത്സരങ്ങളെ നേരിടുന്നതിനെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ല എന്നും പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നുവെന്നുമാണ് രാഹുൽ വിമർശിച്ചത്. ഐടി മേഖലയിൽ എഐ വെല്ലുവിളികൾ ഉയർത്തുകയാണ്. ഊർജം, സാമ്പത്തികം, രൂപയുടെ മൂല്യമിടിവ് എന്നിവയെക്കുറിച്ചൊന്നും ബജറ്റിൽ പരാമർശമില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു.