കോട്ടയം: വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ധനസഹായം നൽകാനൊരുങ്ങി കോട്ടയം നഗരസഭ. അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ ഓണ്‍ഫണ്ടില്‍ നിന്നും വിതരണം ചെയ്യാനാണ് തീരുമാനം. ഇതുസംബന്ധിച്ച് നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനമായി.
രണ്ട് തവണയായി 50 ലക്ഷം രൂപ നല്‍കാനാണ് കൗണ്‍സില്‍ തീരുമാനം. ആദ്യ ഘട്ടമായി ഓണ്‍ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കും. ബാക്കി 25 ലക്ഷം രൂപ വിവിധ ഇനത്തിലായി കണ്ടെത്തുന്നതിനാണ് തീരുമാനമായിരിക്കുന്നത്. ഇത് പൊതുജന പങ്കാളിത്തതോടെ കണ്ടെത്തുമെന്ന് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങള്‍, നഗരസഭയിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകള്‍ പൊതുജനങ്ങള്‍ എന്നിവരെ പദ്ധതിയുമായി എങ്ങിനെ സഹകരിപ്പിക്കാം എന്ന് ആലോചിക്കുമെന്നും ചെയർപേഴ്‌സണ്‍ പറഞ്ഞു. എന്നാല്‍, നഗരസഭയുടെ ഈ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത് എത്തി.
കൊവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ നടത്താതെ കോട്ടയം നഗരസഭ നഗരത്തിന് അപമാനമായി മാറിയിരുന്നതായി പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനില്‍ ആരോപിച്ചു. അഞ്ചു കോടി രൂപ നഗരസഭയുടെ ഓണ്‍ ഫണ്ടില്‍ ഉണ്ട്. എന്നാല്‍, 25 ലക്ഷം ഓണ്‍ഫണ്ടില്‍ നിന്നും നല്‍കാമെന്നും ബാക്കി തുക ഉദ്യോഗസ്ഥരില്‍ നിന്നും പിരിക്കാമെന്നും പറയുന്നത് പ്രായോഗികമല്ലെന്നും ഇവർ ചൂണ്ടികാട്ടി.
