യുഡിഎഫ് മുഖ്യമന്ത്രി ആരാണെന്നുള്ള ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകമെന്ന് ബെന്നി ബഹന്നാൻ എംപി

സംസ്ഥാനത്തെ മുഖ്യമന്ത്രി പദം തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയല്ലെന്ന് ബെന്നി ബ​ഹന്നാൻ എംപി. ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകമാണെന്നും ഇപ്പോഴത്തെ പ്രചാരണം യുഡിഎഫ് പ്രവർത്തകർക്ക് വേദന ഉണ്ടാക്കുമെന്നും ബെന്നി ബ​ഹന്നാൻ പറഞ്ഞു. നേതൃത്വത്തിൻ്റെ തീരുമാനം വരും വരെ കാത്തിരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നേതൃത്വം ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് ബെന്നി ബഹന്നാൻ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രചാരണം വരാനിരിക്കുന്ന വിജയ ശോഭ കെടുത്തും. മറ്റൊരു പാർട്ടിയിലും ഈ ചർച്ച ഇല്ലല്ലോയെന്ന് ബെന്നി ബഹന്നാൻ ചോദിച്ചു. കോൺ​ഗ്രസ് നേതാക്കളുടെ പിന്തുണ ഈ പ്രചാരണത്തിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ മാന്യത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെസി ജോസഫിനെപോലെ മുതിർന്ന നേതാവിൻ്റെ ആഹ്വാനത്തിന് വലിയ പ്രസക്‌തി കിട്ടിയില്ലെന്ന് ബെന്നി ബഹന്നാൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് പിന്തിരിയണമെന്ന അഭിപ്രായവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തിയിരുന്നു.