കണ്ണൂർ : സമൂഹമാധ്യമങ്ങളില്‍ അപരിചിതരോടുള്ള സംസാരവും ചാറ്റുകളും അല്‍പം ജാഗ്രതയോടെ വേണം. വ്യാജന്മാരും സമൂഹിക വിരുദ്ധരും പണം തട്ടാനും അശ്ലീല ചിത്രങ്ങളയച്ച് ഭീഷണിപ്പെടുത്താനും പതിയിരിപ്പുണ്ട്.ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്‌ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വർധിക്കുകയാണ്. വ്യാജ അക്കൗണ്ടുകളിലൂടെ വിദ്യാർഥികളെ ലക്ഷ്യംവെച്ച് ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളെയാണ് അവർ പ്രധാനമായും ഉന്നംവെക്കുന്നത്.
പരിചയം സ്ഥാപിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത സംഭവങ്ങള്‍ ഒട്ടേറെയാണ്. വ്യാജ പ്രൊഫൈല്‍ ചിത്രങ്ങളും അക്കൗണ്ട് വിവരങ്ങളും പോസ്റ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളുടെ വിശ്വാസം കൈക്കലാക്കുന്നത്. സ്വകാര്യ ഫോട്ടോകള്‍ അയച്ചുതരാൻ ആവശ്യപ്പെടുകയും തുടർന്ന് പണം നല്‍കിയില്ലെങ്കില്‍ ഇവ മോർഫ് ചെയ്ത്
പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. സമൂഹമാധ്യമങ്ങളിലും പോണ്‍ സൈറ്റുകളിലും ഇത്തരം ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ട്. മാനഹാനി ഭയന്ന് പലരും പരാതിപ്പെടുക പോലുമില്ല. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടികളെ പീഡിപ്പിച്ച കേസുകളും നിരവധിയാണ്.
