നിർണായക നീക്കവുമായി എസ്ഐടി; അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എട്ട് പ്രതികളുടെയും വീട്ടില്‍ എസ്‌ഐടി പരിശോധന

ലഖ്‌നൗ : അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ റെയ്ഡ്. അറസ്റ്റിലായ എട്ട് പ്രതികളുടെ വീട്ടിലാണ് എസ്‌ഐടി റെയ്ഡ് നടത്തുന്നത്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് നീക്കം. പ്രതികളുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അയല്‍വാസികളില്‍ നിന്നും മൊഴിയെടുക്കുന്നുമുണ്ട്. പ്രാഥമിക പരിശോധനയില്‍ 80 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോടികളുടെ സ്വത്തുക്കള്‍ ഇവരുടെ വീടുകളില്‍ സ്വര്‍ണമായും മറ്റും ഉണ്ടെന്ന വിവരം നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് കണ്ടെത്തുന്നതിനുള്ള നീക്കമാണ് എസ്‌ഐടി നടത്തുന്നത്. 200 കോടിയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു കണ്ടെത്തല്‍. ഇതിന്റെ രേഖകളടക്കം പിടിച്ചെടുക്കാനാണ് എസ്‌ഐടി ലക്ഷ്യമിടുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.

അതേസമയം ട്രസ്റ്റ് സെക്രട്ടറിയായിരുന്ന ചമ്പത്ത് റായിക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ചമ്പത്ത് റായി, ട്രസ്റ്റ് അംഗം അനില്‍ മിശ്ര അടക്കം 17 പേര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു എസ്‌ഐടിയുടെ ശുപാര്‍ശ. തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം പരിഗണിക്കാമെന്നുമാണ് യുപി സര്‍ക്കാരിന്റെ നിലപാട്. ഭക്തര്‍ നല്‍കിയ സംഭാവനകളും സ്വര്‍ണക്കട്ടികളും വെള്ളിക്കട്ടികളുമടക്കം ഇവര്‍ ഭൂസ്വത്തുക്കളാക്കി മാറ്റിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ഇത് പിടിച്ചെടുക്കാനാണ് എസ്‌ഐടി നീക്കം നടത്തുന്നത്.