‘പാമ്പ് കടി തിരിച്ചറിയാതെ പോകരുത്; ആന്‍റി വെനം നല്‍കുന്നതില്‍ വീഴ്ച പാടില്ല’; മുന്നറിയിപ്പ് പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ.

പാമ്പ് കടി തിരിച്ചറിയാതെ പോകരുതെന്നും ആന്‍റി വെനം നല്‍കുന്നതില്‍ വീഴ്ച പാടില്ല. ആവശ്യമെങ്കില്‍ ജീവനക്കാർക്ക് പരിശീലനം നല്‍കണം എന്നും ഡിഎംഒമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

വിവിധ തരം പാമ്പുകളുടെ ആക്രമണം തിരിച്ചറിയാനാകണം എന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. ഡിഎംഒമാരുടെ യോഗത്തിലാണ് നിർദേശം. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.

മൂന്നുപേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. 3 മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചിരുന്നത്. ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളില്‍ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.

ആന്‍റിവെനം ലഭ്യത കുറവില്ല, ആവശ്യത്തിന് ആന്‍റിവെനം സ്റ്റോക്ക് ഉണ്ട് എന്നാണ് വിലയിരുത്തലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ.