അന്തരിച്ച സിപിഎം ജില്ലാ സെക്രട്ടറി എവി റസലിന്റെ സംസ്കാരം ഞായറാഴ്ച; ശനിയാഴ്ച കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിലും ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലും പൊതുദർശനം

ചെന്നൈ: അന്തരിച്ച സിപിഎം ജില്ലാ സെക്രട്ടറി എവി റസലിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. 12 മണി മുതൽ 2 വരെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിലും 2.30 മുതൽ 5 മണി വരെ ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലും മൃതദ്ദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് തെങ്ങണയിലെ വസതിയിൽ എത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകൾ. മരുമകൻ അലൻ ദേവ്.

ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ്‌ റസൽ സിപിഎം അമരത്തേക്കെത്തിയത്‌. ചേർത്തല എസ്എൻ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി. എൺപതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയിൽ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ൽ പാർട്ടി അംഗമായി.

12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ നയിച്ച് ഒട്ടേറെ തവണ പൊലീസ് മർദ്ദനത്തിന് ഇരയായി. മുൻ ജില്ലാ സെക്രട്ടറിയിരുന്ന വി.എൻ. വാസവൻ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ റസൽ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു.

വി.എൻ. വാസവൻ നിയമസഭാംഗമായതോടെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു.