ഓസ്ട്രേലിയക്കെതിരെ ലോകകപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം; ഇന്ത്യൻ സ്പിൻ ത്രയം ഓസീസിനെ വരിഞ്ഞു മുറുക്കി.

സ്വന്തം ലേഖകൻ

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയതുടക്കം.

ടോസ് നഷ്ടപ്പെട്ടിട്ടും ഓസീസിന്റെ ബാറ്റർമാരെ വരിഞ്ഞുമുറുക്കി ചെറു സ്കോറിലൊതുക്കിയ ബോളർമാരുടെ കൃത്യത, അശ്വിനും രോഹിത് ശർമയും വരുത്തിയ ഏതാനും പിഴവുകൾ ഒഴിച്ചാൽ എതിരാളികളെ സമ്മർദ വലയത്തിൽ കെട്ടിയിട്ട അസാധ്യ ടീം ഫീൽഡിങ്, ബാറ്റിങ് ദുഷ്കരമായ സാഹചര്യത്തിൽ ആദ്യ മൂന്നു ബാറ്റർമാരും ഡക്കായിട്ടും ടീമിനെ വിജയത്തിലേക്കു ക്ഷമയോടും പക്വതയോടെയും തുഴഞ്ഞെടുപ്പിച്ച കോലി-രാഹുൽ കൂട്ടുകെട്ടിന്റെ മികവ്… ലോക ക്രിക്കറ്റിൽ ഏറ്റവും ക്ലിനിക്കൽ മികവ് കാട്ടുന്ന ഓസ്ട്രേലിയയോട് പ്രതികൂല സാഹചര്യത്തിലും പൊരുതി നേടിയ ഈ വിജയം മുന്നേറ്റ വഴിയിൽ ടീമിന് അസാമാന്യമനക്കരുത്ത് നൽകുന്നതാണ്.

കളി പുരോഗമിക്കും തോറും വേഗം കുറഞ്ഞ് ബാറ്റിങ് ദുഷ്കരമാകുന്ന ചെപ്പോക്ക് പിച്ചിൽ ഓസ്ട്രേലിയ – 250 റൺസ് എങ്കിലും നേടിയിരുന്നെങ്കിൽ ഒരുപക്ഷേ മത്സരഫലം തിരിഞ്ഞേനെ, ലൂസ് ബോളുകൾ തിരഞ്ഞെടുത്ത് സ്കോർ ചെയ്യാൻ കരുതി നിന്ന വാർണർ സ്റ്റീവൻ സ്മിത്ത് സഖ്യത്തിന് അവസരം നൽകാതെ സമ്മർദമേറ്റിയ ഇന്ത്യൻ സ്പിൻ ത്രയത്തോടാണ് നന്ദി പറയേണ്ടത്.

30 ഓവറും ബോൾ ചെയ്ത ജഡേജ കുൽദീപ് യാദവ് അശ്വിൻ സഖ്യം റൺസ് നൽകാതെ എറിഞ്ഞ ഡോട്ട് ബോളുകൾ ചേർത്തുവച്ചാൽ 16.5 ഓവറുകൾ വരും. പേസർമാർ എറിഞ്ഞ ഡോട്ട് ബോളുകൾ കൂടി കൂട്ടിയാൽ ഇത് ഇന്നിങ്സിന്റെ പകുതി ഓവറുകളോളം ആകും. ഫലത്തിൽ ഓസീസിന് സ്കോർ ചെയ്യാനായത് ഇന്നിങ്സിന്റെ പകുതി ഓവറുകളിൽ മാത്രം! അത്ര കൃത്യതയായിരുന്നു ഇന്ത്യൻ ബോളിങിന്, കൂട്ടായി നായകൻ ഒരു ക്കിയ ആക്രമണോത്സുക ഫീൽഡിങ്ങും .