കാട്ടാക്കടയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മകൻ മര്‍ദ്ദിച്ചതെന്ന് സംശയം

തിരുവനന്തപുരം: കാട്ടാക്കടയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി.

മാറനല്ലൂ‌ർ കൂവളശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപതരയോടെയാണ് വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സമീപവാസി ജയയെ തിരക്കി വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നത് കാണുകയായിരുന്നു. വിളിച്ചിട്ട് അനക്കമില്ലെന്ന് തോന്നിയതോടെ മറ്റ് അയല്‍ക്കാരെ വിവരമറിയിച്ചു.

ഈ സമയത്ത് ജയയുടെ മകൻ ബിജു (35) വീട്ടില്‍തന്നെയുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെയും മാറനല്ലൂർ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

മദ്യപാനിയായ മകൻ ജയയെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മകന്റെ മർദ്ദനമേറ്റാണോ വീട്ടമ്മ മരിച്ചതെന്ന സംശയത്തെത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിജു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും ജയയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവത്തില്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.