കരുനാഗപ്പള്ളി: ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ചു പ്രതികൾ പോലീസ് പിടിയിൽ. തൃശ്ശൂർ വടക്കാഞ്ചേരി പുല്ലിപ്പാറ വടയാട്ട വീട്ടിൽ അനുരാഗ് (26), ശാസ്താംകോട്ട മനക്കര അർഷാദ് മസിൽ നിഷാദ് (37) എന്നിവരാണ് പിടിയിലായത്.
ഇടക്കുളങ്ങര സ്വദേശിനി വത്സലാ ദാസിന്റെ നാലര പവൻ മാലയാണ് ഇവർ പൊട്ടിച്ചടുത്ത് കടന്നുകളഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 24 ഓളം കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്.
മാല പൊട്ടിച്ച് കടക്കുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വികളിൽനിന്ന് ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇവരുടെ രൂപങ്ങളിൽ സാമ്യം കണ്ടെത്തിയതോടെയാണ് തൃശ്ശൂരിലെത്തി കരുനാഗപ്പള്ളി പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇടക്കുളങ്ങരയിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതികളെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ മോഹിത് സബ് ഇൻസ്പെക്ടർമാരായ ഷിജു, എ. റഹീം ഷാജിമോൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
