കുറവിലങ്ങാട്: മാസ്‌ക് ധരിച്ചെത്തി ആറു മണിക്കൂറോളം മരണ വീട്ടിൽ ചിലവഴിച്ച യുവതി 20000 രൂപ കവർന്നു. തോട്ടുവയിലെ മരണവീട്ടിൽനിന്നാണ് യുവതി പണം മോഷ്ടിച്ച് കടന്നുകളഞ്ഞത്. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
തോട്ടുവാ ജയ്ഗിരിയിൽ സംസ്കാരചടങ്ങിനായി വീട്ടുകാർ പള്ളിയിലേക്ക് പോയ സമയത്താണ് വീടിനുള്ളിൽ മോഷണം നടന്നത്. സംസ്കാര ചടങ്ങു നടന്ന വീട്ടിൽ രാവിലെ എത്തിയ യുവതി 6 മണിക്കൂറോളം വീട്ടിനുള്ളിലും പരിസരത്തുമായി നിൽക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
മാസ്ക് ധരിച്ചു നല്ല രീതിയിൽ വസ്ത്രം ധരിച്ചു വന്ന ഇവർ വീട്ടുകാരെകുറിച്ചു കുട്ടികളോട് അന്വേഷണം നടത്തുകയും സുഹൃത്താണെന്നു പറയുകയും ചെയ്തു. വീടിനുള്ളിലും പുറത്തുമായി നിന്ന യുവതി സംസ്കാര ചടങ്ങുകൾക്കായി ആളുകൾ പള്ളിയിലേക്ക് പോയ സമയത്ത് വീട്ടിനുള്ളിൽ തന്നെ നിൽക്കുകയും ആളുകളുടെ ശ്രദ്ധ മാറിയതോടെ കവർച്ച നടത്തുകയുമായിരുന്നു.
വീട്ടുകാർ പള്ളിയിൽനിന്ന് തിരിച്ചെത്തുന്നതിന് മുൻപ് ഒരു ഗോൾഡ് കളർ വാഗണർ കാറിൽ കയറി യുവതി രക്ഷപ്പെടുകയും ചെയ്തു.
