കൊച്ചി: പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിയുന്നവരുടെ എണ്ണം 39ലേക്ക് ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞവർഷം രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ മാത്രം 15 പ്രതികള്‍ക്കാണ് കോടതി തൂക്കുകയർ വിധിച്ചത്. എന്നാല്‍ 1991നു ശേഷം സംസ്ഥാനത്ത് ഇതുവരെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.
ഒരു തടവുകാരന്റെ വധശിക്ഷ നടപ്പാക്കാൻ ജയില്‍ വകുപ്പിന് ചെലവഴിക്കാൻ കഴിയുന്നത് 2 ലക്ഷം രൂപ വരെയാണ്. വധശിക്ഷ നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ സംഘത്തിന് ഉള്ളതാണ് ഈ തുക. ചിലവ് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതും ഓഡിറ്റിങ്ങിന് വിധേയമാക്കാൻ പാടില്ലാത്തതും ആണ്
2010ലെ കേരള ജയില്‍ ചട്ടത്തിലാണ് ഇക്കാര്യങ്ങള്‍ വ്യവസ്‌ഥ ചെയ്തിട്ടുള്ളത്. വധശിക്ഷ നടപ്പാക്കാൻ ജയില്‍ ജീവനക്കാർ തയ്യാറല്ലെങ്കില്‍ പുറത്തു നിന്നുള്ള വ്യക്തിയേയോ ഒരു സംഘത്തെയോ ഇതിനായി നിയോഗിക്കാം. രണ്ട് ലക്ഷം രൂപയില്‍ നിന്നും ആവശ്യമായ തുക ഇതിനായി ഉപയോഗിക്കാം. ജയില്‍ സൂപ്രണ്ടിനാണ് ഇതിനുള്ള അധികാരം.
വധശിക്ഷക്ക് വിധിക്കപ്പെട്ട ആളിന്റെ വാറൻ്റില്‍ അത് നടപ്പാക്കേണ്ട സ്ഥലം പറയുന്നില്ലെങ്കില്‍ ജയില്‍ വളപ്പിനുള്ളില്‍ ആണ് വധശിക്ഷ നടപ്പാക്കേണ്ടത്. ശിക്ഷ നടപ്പാക്കുന്ന സമയത്ത് സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറും ജയിലിന്റെമേല്‍ അധികാരമുള്ള ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹാജരായിരിക്കണം. കഴിവതും സൂര്യോദയത്തിന് ശേഷമായിരിക്കണം വധശിക്ഷ നടപ്പിലാക്കേണ്ടത്.
വധശിക്ഷക്ക് സാക്ഷ്യം വഹിക്കാൻ പരമാവധി 12 പേരെ അനുവദിക്കാൻ ജയില്‍ സൂപ്രണ്ടിന് അധികാരമുണ്ട്. സമൂഹത്തില്‍ ബഹുമാന്യരായ മുതിർന്ന പുരുഷൻമാരെയോ വധശിക്ഷക്ക് വിധേയനാകുന്ന ആളിന്റെ ബന്ധുക്കളായ മുതിർന്ന പുരുഷന്മാരെയോ ഇങ്ങനെ അനുവദിക്കാം എന്നാണ് ജയില്‍ ചട്ടം പറയുന്നത്.
എന്നാല്‍ ശിക്ഷ നടപ്പാക്കുന്ന ഒരു ഘട്ടത്തിലും മറ്റൊരു തടവുകാരനെയും അതിന് ഉപയോഗിക്കാൻ പാടില്ല. അവർ സാക്ഷിയാകാനും പാടില്ല.
ശിക്ഷ നടപ്പാക്കി കഴിയുമ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അവർ ആവശ്യപ്പെട്ടാല്‍ വിട്ടുനല്‍കണം. പ്രത്യേകമായ എന്തെങ്കിലും കാരണങ്ങള്‍ ഇല്ലെങ്കില്‍ മൃതദേഹം അവർക്ക് നല്‍കാതിരിക്കരുത്.
