വാത പിത്ത കഫ ദോഷങ്ങളെ ശമിപ്പിക്കും; കണ്ണിന് കുളിർമ്മ നല്‍കും; കാഴ്ച്ചശക്തി വർദ്ധിപ്പിക്കും; പ്രമേഹത്തിനും രക്തവര്‍ദ്ധനവിനും ഉത്തമ ഔഷധം; ഒപ്പം ധാതുപുഷ്ടിയും ശുക്ലവര്‍ദ്ധനയും; അറിയാം അരിനെല്ലിയുടെ ഗുണങ്ങൾ

കോട്ടയം: നെല്ലിയുടെ കുടുംബത്തില്‍ പെട്ട ഒരു ചെറു വൃക്ഷമാണ് അരിനെല്ലി അഥവാ നെല്ലിപ്പുളി. കേരളത്തിലെ നാട്ടിൻ പുറങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു നിത്യഹരിത സസ്യമാണിത്.

ഇതിനെ അരുനെല്ലി ,അരിനെല്ലി ,നെല്ലിപ്പുളി ,ശീമനെല്ലി ,നക്ഷത്രനെല്ലി തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ അറിയപ്പെടും .ബ്രസീലാണ് ഈ സസ്യത്തിന്റെ ജന്മദേശം. ഉത്തരേന്ത്യയില്‍ നെല്ലിപ്പുളിയുടെ ഇല പാചകം ചെയ്യാൻ ഉപയോഗിക്കുന്നു .ഇതിന്റെ തടിക്ക് ഈടും ബലവും കുറവാണ്.അതിനാല്‍ തടികൊണ്ട് മറ്റുപ്രയോജനങ്ങള്‍ ഒന്നും തന്നെയില്ല .

നെല്ലിപ്പുളിയുടെ ഉപയോഗം .

പുളിനെല്ലി രുചികരമായ ഒരു ഭക്ഷ്യവസ്തുവാണ് .പച്ചയ്ക്കും ,പാചകം ചെയ്തും ഉപയോഗിക്കാം .അച്ചാറുണ്ടാക്കാനാണ് ഇവയുടെ കായ്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് .കൂടാതെ ജാമുണ്ടാക്കാനും പുളിനെല്ലി ഉപയോഗിക്കുന്നുണ്ട് .

നെല്ലിപ്പുളിയുടെ ഔഷധഗുണങ്ങള്‍ .

ഇതിന്റെ ഫലത്തിന് ഔഷധഗുണമുണ്ട് .ചില മരുന്നകള്‍ക്ക്‌ വേണ്ടി ഉപയോഗിക്കുന്നു .വിറ്റാമിൻ C ധാരാളമായി അടങ്ങിയിരിക്കുന്നു .കൂടാതെ ഇരുമ്പ് ,കാല്‍സ്യം ,ഫോസ്‌ഫറസ്‌ എന്നിവയും അടങ്ങിയിട്ടുണ്ട് .

വാത പിത്ത കഫ ദോഷങ്ങളെ ശമിപ്പിക്കും .കണ്ണിന് കുളിർമ്മ നല്‍കും .കാഴ്ച്ചശക്തി വർദ്ധിപ്പിക്കും .ദഹനശക്തി വർദ്ധിപ്പിക്കും . മലബന്ധം ഇല്ലാതാക്കും .മുടികൊഴിച്ചില്‍ ഇല്ലാതാക്കും .രക്തദോഷം ,രക്തപിത്തം ,അമ്ലപിത്തം ,ജ്വരം ,പ്രമേഹം എന്നിവ ശമിപ്പിക്കും .ധാതുപുഷ്ടിയും ശുക്ലവർദ്ധനയും ഉണ്ടാക്കും .സോറിയാസിസ് ,വൃക്കസംബന്ധമായ രോഗങ്ങള്‍ ,ആസ്മ ,പയല്‍സ് ,ഓർമ്മക്കുറവ് ,ഗൊണോറിയ തുടങ്ങിയവയുടെ ചികിത്സയില്‍ ഇത് ഉപയോഗിക്കുന്നു .

നെല്ലിപ്പുളിയുടെ ഇല മഞ്ഞപിത്തം ,വസൂരി ,മോണരോഗങ്ങള്‍ ,വാതരോഗങ്ങള്‍ എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു .

നെല്ലിപ്പുളിയുടെ വേരിന്മേല്‍ തൊലിയില്‍ വിഷാംശം അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്നു .ഇത് ഉള്ളില്‍ കഴിക്കാനിടയായാല്‍ വയറിളക്കം ,വയറുവേദന ,തലവേദന, ശരീരക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു .

നെല്ലിപ്പുളിയുടെ ചില ഔഷധപ്രയോഗങ്ങള്‍ .

1.വേരില്‍ വിഷശക്തിയുണ്ടങ്കിലും നെല്ലിപ്പുളിയുടെ വേര് ചതിച്ചിട്ട് ആവി കൊണ്ടാല്‍ തലവേദന മാറും .

2 .നെല്ലിപ്പുളിയുടെ വേര് അരച്ച്‌ പുറമെ പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും .

3 .നെല്ലിപ്പുളിയും ,അമൃതും ,പച്ചമഞ്ഞളും തുല്ല്യ അളവില്‍ അരച്ച്‌ കഴിച്ചാല്‍ പ്രമേഹം ശമിക്കും .

4 .ഇതിന്റെ പഴങ്ങള്‍ കഴിച്ചാല്‍ രക്തം ശുദ്ധികരിക്കുകയും , രക്തം വർദ്ധിക്കുകയും ചെയ്യും .

5.ഇതിന്റെ ഇല കുരുമുളകും ചേർത്തരച്ച്‌ സന്ധിവാതം ,ആമവാതം ,നടുവേദന ,സയാറ്റിക്ക പെയിന്‍ തുടങ്ങിയവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .