വീണ്ടും എംആര്‍ഐ സ്കാനിങ് അടക്കം 8 ടെസ്റ്റുകള്‍; ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്‍റെ തുടര്‍ ചികിത്സ വൈകുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയില്‍ തീരുമാനം വൈകുന്നു.

ആക്ഷൻ കൗണ്‍സില്‍ രൂപീകരിക്കാൻ ഒരുങ്ങി പ്രദേശത്തെ രാഷ്ട്രീയനേതാക്കള്‍.
കുഞ്ഞിന് വീണ്ടും എംആർഐ സ്കാനിംഗ് ഉള്‍പ്പടെ ഉള്ള പരിശോധന നടത്തും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.

വായിലെ ശ്രവം തലച്ചോറിലേക്ക് പോകാൻ സാധ്യത ഉള്ളതിനാല്‍ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഉടൻ ആശുപത്രിയില്‍ എത്തിക്കണമെന്നുമാണ് ഡോക്ടർമാർ നല്‍കിയ നിർദേശം. കുഞ്ഞിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസേന വീണ്ടും വീണ്ടും ആശുപത്രിയില്‍ പോകുകയാണ് കുടുംബം.

അപ്പോഴും കാരണക്കാരായവർക്കെതിരെ നടപടി ഇല്ലെന്ന് കുടുംബം ആവർത്തിക്കുന്നു.
കുഞ്ഞിന് വീണ്ടും കുറുകലുണ്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണെന്നും തങ്ങള്‍ ഇതുമായി പൊരുത്തപ്പെടണമെന്നുമാണ് അധികൃതര്‍ പറയുന്നതെന്നും കുഞ്ഞിന്‍റെ പിതാവ് അനീഷ് മുഹമ്മദ്‌ പറഞ്ഞു.

കുഞ്ഞിനെ ഏതുനിമിഷം വേണമെങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി നില്‍ക്കണമെന്നും അതിനായി എല്ലാം മാറ്റിവെക്കണമെന്നും അധികൃതര്‍ പറയുന്നത്. അതിന് തങ്ങള്‍ തയ്യാറാകുമ്പോഴും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലെന്നും ലാബുകള്‍ അടക്കം പൂട്ടിയിട്ടില്ലെന്നും അനീഷ് ആരോപിച്ചു.