സ്വന്തം ലേഖകൻ
കോട്ടയം : തന്നെ പൈലറ്റാകാൻ സഹായിക്കുന്നതും ഫീസും നല്‍കുന്നുതും എൽഡിഎഫ് സർക്കാരാണ്. സുരേഷ് ഗോപിയാണ് ഈ ഫീസ് നല്‍കിയതെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും കോട്ടയം പുതുപ്പള്ളി സ്വദേശിനി ധന്യ വ്യക്തമാക്കി.
രാജീവ് ഗാന്ധി ഏവിയേഷന്‍ ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ധന്യ. രണ്ടു വര്‍ഷ കോഴ്‌സ് ഫീസായ 33.20 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ആദ്യഗഡുവായി 8.40 ലക്ഷം രൂപ പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുകയും ചെയ്തു. ബാക്കി പണം ഘട്ടം ഘട്ടമായി നല്‍കും. നഗരസഭ ശുചീകരണത്തൊഴിലാളിയായ മഹേഷിന്റെയും ബിന്ദുവിന്റെയും മകളാണ്. പൈലറ്റ് പഠനത്തിനായി ഈ വര്‍ഷം രണ്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.
കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് തൃശൂരില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുന്ന സുരേഷ് ഗോപിയാണ് മുഴുവന്‍ പണവും നല്‍കുന്നത് എന്ന തരത്തിലുള്ള വാര്‍ത്ത പ്രമുഖ മാധ്യമങ്ങളിലെത്തിയത്. എന്നാല്‍, സര്‍ക്കാര്‍ സഹായംകൊണ്ടു മാത്രമാണ് തനിക്ക് പഠനത്തിന് ചേരാനായതെന്നും സുരേഷ് ഗോപിയോ മറ്റ് ബിജെപി പ്രവര്‍ത്തകരോ തന്നെ വിളിച്ചിട്ടുപോലുമില്ലെന്നും ധന്യ പറയുന്നു.
ധന്യയുടെ അക്കൗണ്ടിലെത്തിയ 25,000 രൂപയാണ് സുരേഷ് ഗോപി പഠനസഹായം മുഴുവനായും നല്‍കുന്നു എന്ന തരത്തില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കി വാര്‍ത്തയായത്. പണം അക്കൗണ്ടിലിട്ടയുടന്‍ മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, കോഴ്‌സ് ഫീസിന് പുറമെ നല്‍കേണ്ട 50,000 രൂപയ്ക്കായി നല്‍കിയ സഹായമാണിതെന്നും ഇത് കോഴ്‌സ് കഴിയുമ്പോള്‍ തിരിച്ചുകിട്ടുമെന്നും ധന്യ വ്യക്തമാക്കി.
