18 മണിക്കൂര്‍ ജയില്‍വാസത്തിനൊടുവില്‍ അൻവര്‍ പുറത്തിറങ്ങി; പൊന്നാട അണിയിച്ച്‌ പ്രവര്‍ത്തകര്‍; പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് എംഎൽഎ

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്‌ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച പിവി അൻവര്‍ എംഎല്‍എ ജയിലില്‍ നിന്ന് പുറത്തിറങ്ങി.

18 മണിക്കൂര്‍ നീണ്ട ജയില്‍ വാസത്തിനുശേഷമാണ് പിവി അൻവര്‍ രാത്രി 8.25ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പിവി അൻവറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്.

ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അൻവര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. പി വി അൻവറിന് അഭിവാദ്യം അര്‍പ്പിച്ച്‌ ജയിലിന് പുറത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

ജയിലിന് പുറത്ത് പിവി അനവറിന് വൻ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. പ്രവര്‍ത്തകര്‍ നല്‍കിയ ഇളനീര്‍ കുടിച്ചാണ് അൻവര്‍ പുറത്തേക്ക് വന്നത്.

പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥിതിയില്‍ വിശ്വാസമുണ്ടെന്നും പിവി അൻവര്‍ എംഎല്‍എ പറഞ്ഞു.