കായികമേളയില്‍ നിന്ന് സ്കൂളുകള്‍ക്ക് വിലക്ക്; ബാലാവകാശ കമ്മിഷൻ റിപ്പോര്‍ട്ടുതേടി

തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നതില്‍നിന്ന് രണ്ട് സ്കൂളുകളെ വിലക്കിയ നടപടിയില്‍ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടുതേടി.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.

സ്കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസില്‍ സ്കൂളുകളെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നിന്നും വിലക്കിയകിലൂടെ ദേശീയ സ്കൂള്‍ കായികമേളയിലും ഇവർക്ക് അവസരം നഷ്ടമാകും.

സ്കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും ബാലാവകാശ കമ്മിഷൻ നിർദ്ദേശം നല്‍കി.