പാതി വില തട്ടിപ്പില്‍ നിര്‍ണായക വിവരങ്ങള്‍; ലാലി വിന്‍സെന്‍റ് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് മൊഴി

തൊടുപുഴ: സിഎസ്‌ആര്‍ ഫണ്ടിന്‍റെ പേരില്‍ പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കേസില്‍ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തില്‍ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാൻ ആനന്ദകുമാറിന് നല്‍കിയെന്ന് അനന്തു മൊഴി നല്‍കി.

അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന് 46 ലക്ഷം രൂപ കൈമാറിയതിന്‍റെ തെളിവുകളും കിട്ടിയെന്ന് പൊലീസ് അറിയിച്ചു.

മറ്റു പല ആവശ്യങ്ങള്‍ക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളില്‍ പിന്‍വലിച്ചതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് അനന്തുകൃഷ്ണൻ പണം നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പലരുടെയും ഓഫീസ് സ്റ്റാഫുകള്‍ വഴിയാണ് പണം കൈമാറിയത്.

അനന്തുവിന്‍റെ വാട്സ്‌ആപ്പ് ചാറ്റ്, വോയ്സ് മെസേജുകള്‍ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴിയാണ്. ഇതിന്‍റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഓരോ ദിവസവും തട്ടിപ്പിന്‍റെ വ്യാപ്തി ഏറുന്ന തരത്തില്‍ നിര്‍ണായക വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.