വഴുതയ്ക്കാട്: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി.
നവരാത്രി ദിനത്തില്‍ എത്തിയ പെണ്‍കുഞ്ഞിന് നവമി എന്ന് പേരിട്ടു.
ശനിയാഴ്ച രാത്രി 10 മണിയ്ക്കാണ് ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് എത്തിയത്. ഈ ആഴ്ച എത്തുന്ന രണ്ടാമത്തെ പെണ്‍കുഞ്ഞാണ് നവമി.
കഴിഞ്ഞ തിങ്കളാഴ്ച്ചയും ഒരു പെണ്‍കുഞ്ഞിനെ അമ്മതൊട്ടിലില്‍ ലഭിച്ചിരുന്നു. അറിവിന്റെയും വിദ്യയുടെയും ഉത്സവ നാളായ നവരാത്രി ദിനമായതിനാല്‍ കുഞ്ഞിന് നവമി എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി വിശദമാക്കി.
തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 609-ാ മത്തെ കുട്ടിയാണ് നവമി. കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ക്ക് ശേഷം എസ് എ റ്റി ആശുപത്രിയിലേക്ക് മാറ്റി
