കൊച്ചി: ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് ദുല്‍ഖർ സല്‍മാൻ.
ചിലർ ഡിക്യു എന്ന് വിളിക്കും മറ്റു ചിലർക്ക് പ്രിയം കുഞ്ഞിക്ക എന്ന് വിളിക്കാനായിരിക്കും.
താരപുത്രൻ ആയിട്ട് കൂടി അതിന്റേതായ പ്രിവിലേജ് ഒന്നും എടുക്കാതെ തന്നെ സ്വന്തം കഴിവും അധ്വാനവും കൊണ്ട് വളർന്നുവന്ന നടന്മാരില്‍ ഒരാളാണ് ഡിക്യു.
കഴിഞ്ഞ വര്‍ഷം ഓണം റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് ശേഷം ഇപ്പോഴാണ് താരത്തിന്റെ അടുത്ത ചിത്രം എത്തുന്നത്. സിനിമകള്‍ക്ക് ഇടയിലെ ഈ നീണ്ട ഇടവേളയെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.
കഴിഞ്ഞ വർഷം ഞാൻ ഒരു സിനിമ മാത്രമാണ് ചെയ്തത്. ഞാൻ ചെയ്യാനിരുന്ന ചില സിനിമകള്‍ എന്നില്‍ നിന്ന് മാറി പോയതും ഒപ്പം ആരോഗ്യ പ്രശ്ങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണ് സിനിമകള്‍ക്കിടയില്‍ ഇത്രയും ഇടവേളകള്‍ സംഭവിച്ചെന്ന് ദുല്‍ഖർ പറയുന്നു.
‘ചെറിയൊരു ഇടവേള വേണ്ടിവന്നു. അതാരുടെയും തെറ്റല്ല. ചില സിനിമകള്‍ മാറിപ്പോയി. മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അതെന്റെ തെറ്റാവാം. ഞാനെന്റെ ആരോഗ്യം ശ്രദ്ധിച്ചില്ല’- ദുല്‍ഖർ വെളിപ്പെടുത്തി.
കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്, സൂര്യ നായകൻ ആക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ആദ്യം കാസ്റ്റ് ചെയ്തത് ദുല്‍ഖറിനെ ആയിരുന്നു. ഈ ചിത്രങ്ങളില്‍ നിന്നായിരുന്നു ദുല്‍ഖർ ഡേറ്റ് ഇഷ്യൂ കാരണം പിന്മാറിയത്.
തഗ് ലൈഫില്‍ നിന്ന് ദുല്‍ഖർ പിന്മാറിയതിനെ തുടർന്ന് ആ റോളിലേക്ക് ചിലമ്പരശനെ കാസ്റ്റ് ചെയ്യുകയായിരുന്നു. സൂര്യ, ദുല്‍ഖർ, നസ്രിയ, വിജയ് വർമ്മ എന്നിവരായിരുന്നു സുധ കൊങ്കര ചിത്രത്തിലെ ആദ്യ കാസ്റ്റ്. ചിത്രം ഉപേക്ഷിച്ചെന്നും പുതിയ കാസ്റ്റുമായി ചിത്രം പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
