കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ പൈപ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോട്ടയം : നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പൈപ്പിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളി ഇരവിനല്ലൂർ പാറേൽപ്പറമ്പിൽ ശ്രീകുമാർ (30) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ കൊല്ലാടിനും നാൽക്കവലയ്ക്കും ഇടയിൽ മലമേൽക്കാവ് ക്ഷേത്രത്തിനു സമീപം വക്കീൽപ്പടിയിലായിരുന്നു അപകടം.

നാൽക്കവലയിൽ നിന്നും കൊല്ലാട് പാറയ്ക്കൽക്കടവ് ഭാഗത്തേയ്ക്ക് പോകുന്നതിനിടെ ശ്രീകുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പൈപ്പിൽ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.

പുതുപ്പള്ളി ഇരവിനല്ലൂർ പാറേൽപ്പറമ്പിൽ പി.സി ബാബുവിൻ്റേയും സരസുവിൻ്റേയും മകനാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.