മുടങ്ങിയ ശമ്പളം വിതരണം ചെയ്തു; 108 ആംബുലൻസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു; ആംബുലൻസ് സര്‍വിസ് പുനരാരംഭിച്ചു

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ച വാർത്ത സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികള്‍ക്കും ആശ്വാസമായി.

സർക്കാറിന്‍റെ സൗജന്യസേവനമായ 108 ആംബുലൻസ് സർവിസുകള്‍ കഴിഞ്ഞ ആറ് ദിവസമായി സർവിസ് നിർത്തിവെച്ചിരുന്നു. ശമ്പളം മുടങ്ങാത്തില്‍ പ്രതിഷേധിച്ചായിരുന്നു സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ജീവനക്കാർ സമരത്തിലായിരുന്നത്.

സെപ്റ്റംബർ മാസത്തെ ബാക്കി ശമ്പളം വിതരണം ചെയ്തതോടെ രാത്രി എട്ട് മണിയോടെ 108 ആംബുലൻസ് സർവിസ് പുനരാരംഭിച്ചു.
നേരത്തെ, ദിവസങ്ങള്‍ പിന്നിട്ടിട്ടും സമരം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ വിമർശനമുയർന്നിരുന്നു. പല അത്യാവശ്യ സാഹചര്യങ്ങളിലും രോഗികള്‍ക്ക് സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ടി വന്നു.

ഒരു വിഭാഗം ജീവനക്കാർ സമരത്തിലായതോടെ 108 ആംബുലൻസുകളില്‍ വളരെ കുറച്ച്‌ മാത്രമായിരുന്നു സർവിസ് നടത്തിയിരുന്നത്.
അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ആംബുലൻസുകള്‍ ലഭ്യമാകാതായതോടെ സംസ്ഥാന സർക്കാറിന്റെ ട്രോമാകെയർ സംവിധാനം താറുമാറായി. അത്യാഹിതങ്ങളില്‍പെടുന്നവരെയും ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്ക് മാറ്റേണ്ടവരെയും കൊണ്ടുപോകുന്നതിന് സ്വകാര്യ ആംബുലൻസുകളെ പണം നല്‍കി ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.