നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെ വീഡിയോ പങ്കുവെച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തൃശൂർ സിറ്റി പൊലീസ്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ വാണിജ്യ അടിസ്ഥാനത്തിൽ പങ്കുവെച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎൻഎസ് 72, 75 ഐടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളാണ് അറസ്റ്റിലായവർ. ഇവർ പണം വാങ്ങി ദുരുദ്ദേശത്തോടെ വീഡിയോ ഷെയർ ചെയ്തു എന്ന് പൊലീസ് കണ്ടെത്തൽ. ഇരുനൂറിലേറെ സൈറ്റുകളിൽ ഇത്തരത്തിൽ വീഡിയോ ഷെയർ ചെയ്തതായും പൊലീസ് കണ്ടെത്തി. ഈ സൈറ്റുകളെല്ലാം പൊലീസ് ഇല്ലാതെയാക്കിയിട്ടുണ്ട്. വീഡിയോ ഷെയർ ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
