നിതിൻ രാജിൻ്റെ മരണം വെറും ആത്മഹത്യയല്ല, സ്ഥാപനവല്‍ക്കൃത കൊലപാതകം; നടൻ പ്രേംകുമാർ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണം കേവലം ഒരു ആത്മഹത്യയല്ലെന്നും, അത് സ്ഥാപനവല്‍ക്കൃത കൊലപാതകം ആണെന്നും നടൻ പ്രേംകുമാർ.

 

ജാതിയും മതവും സാമ്പത്തിക സ്ഥിതിയും നോക്കി മനുഷ്യനെ വേർതിരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ വർധിച്ചുവരികയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. മനുഷ്യന്റെ ആകൃതിയും പ്രകൃതിയും നിറവുമെല്ലാം അധിക്ഷേപിക്കാനുള്ള ആയുധങ്ങളായി ചിലർ ഉപയോഗിക്കുന്നുണ്ടെന്ന് പ്രേംകുമാർ ചൂണ്ടിക്കാട്ടി.

 

ഒരു ഡോക്ടറായി മകൻ തിരിച്ചുവരുന്നത് കാത്തിരുന്ന നിതിൻരാജിന്റെ കുടുംബത്തിന്റെ പ്രതീക്ഷകളാണ് തകർക്കപ്പെട്ടത്. അധ്യാപക വേഷധാരികളായ ചിലരുടെ നിരന്തരമായ പീഡനമാണ് ഈ മരണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു.

 

ഇത്തരം ക്രൂരമായ അവഹേളനങ്ങള്‍ നേരിടുന്നവർ എല്ലാ മേഖലകളിലും ഉണ്ടെന്നും, പലപ്പോഴും അപകർഷതാ ബോധത്താല്‍ ആത്മഹത്യയിലോ കൊലയിലോ ഒടുങ്ങുന്നവർ മാത്രം വാർത്തയാവുന്ന ദയനീയാവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 

നിതിൻരാജിന്റെ മരണത്തിന് പിന്നില്‍ ‘ലോണ്‍ ആപ്പ്’ സംഘങ്ങളുണ്ടെന്ന വാർത്തകളെ പ്രേംകുമാർ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അധികാര വർഗവും പ്രമാണികളും യഥാർഥ പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണോ ഇത്തരം ഒരു പുതിയ ആഖ്യാനം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.