കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് മരണം; പതിനാല് പേർക്ക് പരിക്ക്

കണ്ണൂർ: കേളകത്ത് ബസ് മറിഞ്ഞ് രണ്ട് മരണം.

കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്.

നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. പതിനാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. നാടക സംഘത്തിന് ഇന്നലെ കണ്ണൂരില്‍ പരിപാടിയുണ്ടായിരുന്നു. അതുകഴിഞ്ഞ്, ഇന്ന് ബത്തേരിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ പോകവേയാണ് അപകടമുണ്ടായത്.

കേളകത്ത് നിന്ന് നെടുംപൊയില്‍ ചുരം വഴി വയനാട്ടിലേക്ക് കടക്കാനായിരുന്നു സംഘം ആദ്യം ശ്രമിച്ചത്. എന്നാല്‍ ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതുമൂലം ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തുടർന്ന് ഷോർട്ട് കട്ടിലൂടെ വയനാട്ടില്‍ പോകവേയാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.