‘മഴ വരുന്നേ..! സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിനും ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം.

കേരളത്തില്‍ അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ടുകള്‍.
ജനുവരി 31ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നാളെ നാല് ജില്ലകളില്‍ നേരിയ മഴക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ മഴക്ക് സാധ്യതയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍.

ജനുവരി 30, ഫെബ്രുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

31ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിക്കുകയും ചെയ്തിട്ടുണ്ട്.