തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു.
ആലുംകുഴി കുന്നുംപുറത്ത് വീട്ടില്‍ നിഖില്‍ (22) ആണ് മരിച്ചത്. ജനുവരി 29-ന് രാത്രി 7.30-ഓടെ ഇളവട്ടം റേഷൻകട ജംഗ്ഷനിലായിരുന്നു ദാരുണമായ സംഭവം.
ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ നിഖിലിന്റെ ശരീരത്തിലൂടെ കെഎസ്‌ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു. പോലീസ് ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്നാണ് അപകടമുണ്ടായത്.
പാലോട് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പ് ഇളവട്ടം റേഷൻകട ജംഗ്ഷനില്‍ വെച്ച് അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ജീപ്പിന് പിന്നിലായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നിഖിലിന്റെ വാഹനം നിയന്ത്രണം വിട്ട് പോലീസ് ജീപ്പില്‍ തട്ടി.
ഇതോടെ നിഖില്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അതേസമയം, നെടുമങ്ങാട് നിന്ന് കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസ് നിഖിലിന്റെ കാലുകളിലൂടെ കയറിയിറങ്ങി.
