എയര്‍ ഹോണ്‍ ഘടിപ്പിച്ചാല്‍ വാഹനം പിടിച്ചെടുക്കും; ശബ്ദമലിനീകരണത്തിനെതിരെ ഗതാഗത വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി എയർ ഹോണുകള്‍ക്കും നിരോധിത ഹോണുകള്‍ക്കുമെതിരെ ശക്തമായ നടപടികളുമായി ഗതാഗത വകുപ്പ്.

നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍, വർക്ക്‌ഷോപ്പുകള്‍, വാഹന ഉടമകള്‍ എന്നിവർക്കെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

 

നിരോധിത ഹോണുകള്‍ വില്‍ക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം അവരുടെ ജിഎസ്ടി, തദ്ദേശ സ്വയംഭരണ രജിസ്‌ട്രേഷനുകള്‍ ഇല്ലാതാക്കാനും നിർദ്ദേശമുണ്ട്. ഇത്തരം ഹോണുകള്‍ ഘടിപ്പിച്ചു നല്‍കുന്ന വർക്ക്‌ഷോപ്പുകള്‍ക്കെതിരെയും നടപടിയുണ്ടാകും. എയർഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നിയമവിരുദ്ധമായ ഹോണുകള്‍ നീക്കം ചെയ്ത ശേഷം മാത്രം വിട്ടുനല്‍കുകയും ചെയ്യും.

 

പരിശോധനയ്ക്കായി ഡെസിബെല്‍ മീറ്ററുകള്‍ ഉപയോഗിക്കും. കുറ്റം ആവർത്തിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും ഫിറ്റ്‌നസും റദ്ദാക്കും. മോട്ടോർ വാഹന വകുപ്പ്, ജിഎസ്ടി, തദ്ദേശ വകുപ്പുകള്‍ സംയുക്തമായാണ് സംസ്ഥാന വ്യാപകമായി ഈ പരിശോധനകള്‍ നടത്തുന്നത്.