തൃശൂര്‍: പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ച് കയറി നോമിനേഷനുകള്‍ കീറിക്കളഞ്ഞ സംഭവത്തില്‍ 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
കുന്നംകുളം കീഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ ആണ് സംഭവം. കുന്നംകുളം പൊലീസ് ജാമ്യമില്ല വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. എട്ട് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.
പൊതുമുതല്‍ നശിപ്പിച്ചതിനും അധ്യാപകന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. വിവേകാനന്ദ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ചെയര്‍മാൻ സ്ഥാനാര്‍ത്ഥിയുടെ ഉള്‍പ്പെടെ നാല് എബിവിപി പ്രവര്‍ത്തകരുടെ നോമിനേഷൻ തള്ളിയിരുന്നു.
ഈ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രധാന അധ്യാപകന്‍റെ റൂമിലേക്ക് അതിക്രമിച്ചുകയറിയ എബിവിപി പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിന്‍റെ റൂമിലുണ്ടായിരുന്ന നോമിനേഷനുകള്‍ കീറി കളയുകയായിരുവെന്ന് പൊലീസ് പറഞ്ഞു.
