ആറ്റുകാല്‍ പൊങ്കാല: അവലോകന യോഗം ചേര്‍ന്നു; മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

മുൻപ് വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിതമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും പൊങ്കാല ഏറ്റവും ഭംഗിയായി നടത്താൻ സാധിക്കും.

ആറ്റുകാല്‍ പെങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യാൻ ആറ്റുകാല്‍ ക്ഷേത്രം ദേവി ആഡിറ്റോറിയത്തില്‍ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആറ്റുകാല്‍ ഉത്സവത്തിന്റെ വരും ദിവസങ്ങളിലും ബന്ധപ്പെട്ട എല്ലാവരുടെയും പൂർണ്ണ സഹകരണവും അതീവ ശ്രദ്ധയും ഉറപ്പാക്കണം. ഇത്തവണയും വൻ ജനത്തിരക്ക് പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ പോലീസിന്റെ ഭാഗത്ത് നിന്നും ജാഗ്രത വേണം.

പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കഴിവതും കുറയ്ക്കുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തണം. പൊങ്കാലയ്ക്കായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും മികച്ച രീതിയില്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.